Wednesday, February 8, 2012

സര്‍വരാജ്യ നിരാശാകാമുകന്മാരേ....

 "വാടാ ആരിഫേ, നമുക്ക് ഇളനീര്‍ വെട്ടാന്‍ പോകാം". റസാഖ് വിളിച്ചു. "കഴിഞ്ഞ ആഴ്ച കിട്ടിയതിന്‍റെ ചൂട് ഇതുവരെ മാറിയിട്ടില്ല. അപ്പോഴേക്കും നിനക്ക് വീണ്ടും ഇളനീര്‍ വെട്ടണം അല്ലേടാ ഡാഷേ". ആരിഫിന്‍റെ മറുപടി.

ശരിയാണ്. കഴിഞ്ഞ ആഴ്ച്ച ഇളനീര്‍ വെട്ടാന്‍ പോയതും, അടുത്തുള്ള മരത്തിന്‍റെ കൊമ്പില്‍ കയറി ഇളനീര്‍ വെട്ടുന്നതിനിടെ കൊമ്പൊടിഞ്ഞു നിലത്തു വീണതും ഒന്നും മറക്കാറായിട്ടില്ല. അതിന്‍റെ പേരില്‍ ജംഷീര്‍ സാറിന്‍റെ കയ്യില്‍ നിന്ന് കിട്ടിയതും മറന്നിട്ടില്ല. രണ്ടു ചൂരല്‍ വടികള്‍ പിരിച്ചുവെച്ച് 'താനൊക്കെ എന്തിനാടോ പഠിക്കുന്നത്' എന്നും ചോദിച്ചു കറങ്ങി ത്തിരിഞ്ഞുള്ള ഒറ്റ വീക്കാണ്. അത് കാലില്‍ വന്നു പതിക്കുന്നത് കാണാന്‍ നല്ല സ്റ്റൈലാണെങ്കിലും കൊള്ളുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല.
പക്ഷേ, റസാഖിനുണ്ടോ വല്ല കൂസലും! 'ഒരു പാട് കാറ്റും കോളും കണ്ട തോണിക്കാരന'ല്ലേ അവന്‍. അവനെന്തു ജംഷീര്‍ സാര്‍! അവന്‍ പറഞ്ഞു:  "പേടിത്തൊണ്ടന്മാര്‍. ചുണയുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍  എന്‍റെ കൂടെ വാടാ." അങ്ങനെ റസാഖിന്‍റെ കെയര്‍ ഓഫില്‍ നിയാസും സലീമും  ഇളനീര് വെട്ടാനിറങ്ങിയതും  ശകുനപ്പിഴ തവജനിതം എന്ന് പറഞ്ഞതുപോലെ ബാബു മുന്നിലൂടെ ചാടിയതും ഒരുമിച്ച്. അന്ധവിശ്വാസികളായ  നിയാസും സലീമും റസാഖിനെ തനിച്ചാക്കി സ്കൂളിലേക്ക് തന്നെ തിരിച്ചു നടന്നു. "ദുഷ്ടന്മാര്‍. ഇടിയറ്റ്സ്! ഇനി ഇളനീര് ചോദിച്ചു വരട്ടെ. ഓരൊറ്റെണ്ണത്തിനു കൊടുക്കില്ല. മൂരാച്ചികള്‍!!" ഇതും പറഞ്ഞു റസാഖ് കാട്ടിലേക്കിറങ്ങിപ്പോയി.

ആരാണ് ഈ റസാഖെന്നറിയണ്ടേ? വലിയ ധൈര്യശാലിയും ബുദ്ധിജീവി യുമായ അവനു പിടിപാടില്ലാത്ത ശാസ്ത്രകാര്യങ്ങള്‍ വളരെ വിരളം. നാട്ടിലെ സകലമാന കച്ചറകളിലും പെട്ട് ഉഴപ്പിനടന്നിരുന്ന അവന്‍ സ്കൂളധികൃതര്‍ക്കു വലിയ തലവേദനയായി മാറി.  പഠനരംഗത്തേക്കാള്‍ മികവ് പാഠ്യേതരരംഗങ്ങളിലായപ്പോള്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ടീസിയും ഇഖാമയും നല്‍കി തലതൊട്ടു വന്ദിച്ച് അവനെ യാത്രയാക്കി.

അവനെ പൈലറ്റാക്കാന്‍ കൊതിച്ചിരുന്ന അവന്‍റെ ബാപ്പ വലിയ ധര്‍മസങ്കടത്തിലായി. അങ്ങനെയിരിക്കെയാണ് ഒരു ഗുണകാംക്ഷി, അങ്ങു ദൂരെ ദുനിയാവിന്‍റെ അറ്റത്ത് സുപ്രസിദ്ധമായ സ്കൂളുള്ള കാര്യം അവന്‍റെ ബാപ്പയെ ഉണര്‍ത്തിച്ചത്. വഴിതെറ്റി നടക്കുന്ന സന്താനങ്ങളെ നേര്‍മാര്‍ഗത്തിലെത്തിക്കാന്‍ ചില അഭ്യുദയകാംക്ഷികള്‍ രൂപീകരിച്ച സ്ഥാപനം. പോരാത്തതിനു അവിടെ ഹോസ്റ്റലും ഉണ്ടത്രെ.

റസാഖിന്‍റെ ബാപ്പാക്കു ഈ നിര്‍ദേശം വളരെ സ്വീകാര്യമായി തോന്നി. തനിക്കു ഇങ്ങനെയൊരു നിര്‍ദേശം നല്കിയ ആ മാന്യദേഹത്തിനു നന്ദിയും പറഞ്ഞ് മൂവായിരം രൂപ ക്വാഷന്‍ ഡെപ്പോസിറ്റും നല്‍കി അന്നു തന്നെ റസാഖിനെ ഹോസ്റ്റലില്‍ ചേര്‍ത്തു.

 റസാഖ് ഇളനീരും വെട്ടി, മൂളിപ്പാട്ടും പാടി സ്കൂളിലേക്കു കയറി വരികയാണ്. 'ദ കെടക്കുണു കിണ്ടീം വെള്ളോ'മെന്ന്‍ പറഞ്ഞതു മാതിരി അവന്‍റെ ആവേശമെല്ലാം ദ കെടക്കുണു താഴെ. തൊട്ടു മുമ്പില്‍ ജംഷീര്‍ സാര്‍!! അവന്‍ വെട്ടിയ ഇളനീരും താഴെയിട്ട് വന്ന വഴിയേ ഇറങ്ങി ഒരൊറ്റ ഓട്ടം. കാടിന്‍റെ വളരെ ഉള്ളില്‍ ചെന്നേ ആ ഓട്ടം നിന്നുള്ളൂ. 'ആദ്യമേ നിയാസും സലീമും പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു. തന്‍റെ താന്തോന്നിത്തമാണു എല്ലാത്തിനും കാരണം'. അവന്‍ പരിതപിച്ചു. ഇനിയിപ്പൊ പരിതാപം കൊണ്ട് വല്ല കാര്യവുമുണ്ടോ? അവന്‍ ചോലയില്‍ ചെന്ന്‍ മുഖം കഴുകി ഒരു പാറയില്‍ ഇരുന്ന്‍ ചിന്തയായി. ചിന്ത സ്വാഭാവികമായും കണ്ണുകളേയും തലോടിക്കൊണ്ടുപോയി.

സ്വാലിഹായ കമ്മ്യൂണിസ്റ്റായിരുന്ന അവന്‍ പതിവു പോലെ കാള്‍ മാര്‍ക്സിനെയും ഫ്രഡറിക് ഏംഗല്‍സിനെയും കിനാവു കണ്ടുറങ്ങുകയാണ്. ആരൊക്കെയോ നടന്നു വരുന്ന ശബ്ദം കേട്ട് അവന്‍ ഞെട്ടിയുണര്‍ന്നു. പല ഭീകരദൃശ്യങ്ങളും അവന്‍റെ മനസ്സിലൂടെ കടന്നു പോയി. ഒക്ടോബര്‍ വിപ്ലവം.. നക്സല്‍ ആക്രമണം... !! ആരൊക്കെയോ അവനെ പൊക്കിയെടുക്കുന്നു. "സര്‍വ്വരാജ്യത്തൊഴിലാളികളേ രക്ഷിക്കണേ.. മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോകുന്നേ!!!". റസാഖ് കാട് കിടുങ്ങുമാറുച്ചത്തില്‍ നിലവിളിച്ചു. "എടാ, ഇത് ഞാനാ ജംഷീര്‍", 'മാവോയിസ്റ്റ്' മറുപടി പറഞ്ഞു. "സാറേ, ഇത് ഹോസ്റ്റലില്‍ എന്നും പതിവുള്ളതാ സര്‍വ്വരാജ്യ കൊലയാളികള്‍ കാരണം ഉറങ്ങാന്‍ പറ്റാണ്ടായി. മാനിഫെസ്റ്റോ വായിച്ച് തലതിരിഞ്ഞതാ ഇവന്". കൂടെയുണ്ടായിരുന്ന ബാബുവിന്‍റെ കമന്‍റ്.

ഏതായാലും ഇളനീര്‍ വെട്ടാന്‍ പോയ സംഭവം അങ്ങനെ ശുഭമായി പര്യവസാനിച്ചു.

അങ്ങനെയിരിക്കെയാണ് അവന് ഐഡിയ സ്റ്റാര്‍ സിംഗറില്‍ സെലക്ഷന്‍ കിട്ടുന്നത്. ചെറേക്കാട് നിന്നും ഒരു സ്റ്റാര്‍ സിംഗറോ? അവന്‍ സ്കൂളിലെ കേന്ദ്രകഥാപാത്രമായി മാറാന്‍ താമസിച്ചില്ല. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ അവനൊരു ചിന്താവിഷയമായി മാറി. ആരാധികമാരുടെ ശല്യം കാരണം പുറത്തിറങ്ങി നടക്കാന്‍ പറ്റാതായി. ആരാധികമാരാണെങ്കില്‍ ഓട്ടോഗ്രാഫ് ചോദിച്ച് പിന്നാലെ നടക്കാന്‍ തുടങ്ങി.

 അങ്ങനെയിരിക്കെയാണ്, ആരാധികമാരുടെ കണ്ണില്‍ പെടാതെ മുങ്ങി നടക്കുകയായിരുന്ന റസാഖിന്‍റെ മുന്നില്‍ യാദൃശ്ചികമായി, തികച്ചും യാദൃശ്ചികമായി ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന റസിയ വന്നുപെട്ടത്. കഥാനായകനെ കണ്ട ഉടനെ റസിയ അഭിവാദ്യം ചെയ്തു, "ലാല്‍ സലാം സഖാവേ, ലാല്‍ സലാം". "വ അലൈക്കും ലാല്‍ സലാം. എന്നാ വേണം?" റസാഖിന്‍റെ ചോദ്യത്തിനു മുന്നില്‍ അവളൊന്നു ചൂളിപ്പോയെങ്കിലും ശബ്ദം താഴ്ത്തി പറഞ്ഞു, "സഖാവേ, എനിക്കും വേണമൊരു ഓട്ടോഗ്രാഫ്". ഇത്രേം ഗ്ലാമറുള്ള ഒരു കുട്ടി വന്ന്‍ ഓട്ടോഗ്രാഫ് ചോദിക്കുമ്പോള്‍ പറ്റില്ലെന്നെങ്ങനെ പറയും? അവന്‍ മനമില്ലാമനസ്സോടെ ഓട്ടോഗ്രാഫ് പുസ്തകവും വാങ്ങി ബാഗിലിട്ടു.
അന്നു രാത്രി ജംഷീര്‍ സാര്‍ സ്ഥലത്തില്ലാത്ത തക്കം നോക്കി അവന്‍ ഓട്ടോഗ്രാഫെഴുതാനിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് അവനു റസിയയുടെ ഓട്ടോഗ്രാഫ് ബുക്കിനുള്ളില്‍ നിന്നും ആ എഴുത്ത് കിട്ടിയത്. ആദ്യം ആകെപ്പാടെ ഒരു പകപ്പായിരുന്നെങ്കിലും അവന്‍ ആകാംക്ഷയോടെ വായനയാരംഭിച്ചു.

"..നിന്നെ ആദ്യമായിട്ട് കണ്ടതെന്നാണെന്ന്‍ ഞാനോര്‍ക്കുന്നില്ല. എന്നാലും നിന്നെ എന്‍ മനസ്സിലെ ശ്രീകോവിലില്‍ ഞാനന്നേ പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. എന്‍ ഖല്‍ബിലെ യമുനാനദീ തീരത്ത് നിനക്കായ് ഞാനൊരു താജ്മഹല്‍ പണിതുവെച്ചിരിക്കുന്നു. അന്നു മുതല്‍ സ്വപ്നമഞ്ചലിലേറി ലൈലയായ്, സുഹറയായ് ഞാന്‍ സഞ്ചരിക്കുന്നു. കൂട്ടിനു മജ്നുവായ്, മജീദായ് നീയും.
നിന്‍റെ മഴയത്തും വെയിലത്തും മാറാത്ത ഗ്ലാമറിന്‍റെ രഹസ്യമെന്താണ്??...

വായിക്കും തോറും കടിച്ചാല്‍ പൊട്ടാത്ത കഠാര കുഠാര സാഹിത്യ ശകലങ്ങള്‍ വായിച്ച് നാവുളുക്കിയെങ്കിലും അവനു അതിയായ സന്തോഷം തോന്നി. 

പെണ്‍കുട്ടികള്‍ പ്രേമിക്കാനാവശ്യമായ ഗ്ലാമര്‍ തനിക്കുണ്ടെന്നു അവനു ബോധ്യമായത് അന്നാണ്. പക്ഷെ, ഇക്കാര്യം നാലാളറിഞ്ഞാല്‍ കുറച്ചിലാകുമെന്നു തിരിച്ചറിഞ്ഞ അവന്‍ ആ സന്തോഷം അപ്പടി ഒളിപ്പിച്ചുവെച്ച് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടില്‍ ഇരുന്നു.

പക്ഷെ, ഇതൊക്കെ പുറത്തറിയാനാണൊ പ്രയാസം? സംഭവമറിഞ്ഞ നിയാസും സലീമും അവനെ അഭിനന്ദിച്ചു. "നീയൊരു സംഭവം മാത്രമല്ലെടാ, ഒരു പ്രസ്ഥാനവുമല്ല, കണ്‍ട്രി തീരെയല്ല. ഒരു ടെക്ക്നോളജിയാണു നീ, ഒരൊന്നൊന്നര ടെക്ക്നോളജി." അന്നാദ്യമായ് അവര്‍ക്ക് റസാഖിനോട് ചെറുതായ് അസൂയ തോന്നാതിരുന്നില്ല. അവരെ കുറ്റം പറയാനും പറ്റില്ല. അവരുടെ സ്ഥാനത്ത് ആരായാലും അങ്ങനെയൊക്കെ തോന്നും. അവരുടെ പ്രായം അതാണല്ലോ.


ഏതായാലും കിട്ടിയ പ്രേമലേഖനത്തിനു മറുപടിയെഴുതാന്‍ അവര്‍ റസാഖിനു പ്രചോദനമേകി. "പ്രണയിക്കൂ.. പ്രണയം വിപ്ലവകരമായ ഒരു വികാരമാണെന്നാ"ണല്ലോ ആപ്തവാക്യം. എന്നാല്‍ റസാഖിനുണ്ടോ വല്ല ഇളക്കവും? ചെരിപ്പടിമല കുലുങ്ങിയാലും കുലുങ്ങാത്തവനാണവന്‍. അവന്‍ നിസ്സംഗനായി നിലപാടു വിശദീകരിച്ചു, "എനിക്കിതിലൊന്നും അത്ര താല്‍പര്യമില്ല".

റസാഖിനു ബോധോദയം വന്നത് കുറച്ചു വൈകിയാണ്. ഇനിയും നിലയും വിലയും നോക്കിയിരുന്നാല്‍ കാത്തുവെച്ച കസ്തൂരിമാമ്പഴം 'ആണ്‍കുട്ടികള്‍' കൊണ്ടുപോകുമെന്ന്‍ അവന്‍ തിരിച്ചറിഞ്ഞു.

അവന്‍ പേനയും കടലാസുമെടുത്ത് മറുപടിയെഴുതാനാരംഭിച്ചു. എന്തെഴുതും? ആദ്യം ഒന്നെഴുതി. ചീന്തിക്കളഞ്ഞു.. വീണ്ടാമതും ഒന്നെഴുതി. 'ഛെ! സാഹിത്യങ്ങളൊന്നും വരണില്ലല്ലോ!' എന്തായാലും പേനക്കു തോന്നിയതൊക്കെ കുത്തിക്കുറിച്ച്, പ്രണയത്തിന്‍റെ മാനിഫെസ്റ്റോ തയ്യാറാക്കി, ഓട്ടോഗ്രാഫിനുള്ളില്‍ തന്നെ ഒളിപ്പിച്ച് വെച്ച് അവള്‍ക്കു തിരിച്ച് നല്‍കി. തൊട്ടടുത്ത ദിവസം പൊന്‍പ്രഭാതം വിടരും നേരം കുളിച്ചു റെഡിയായ് അവന്‍ അവളെ കാത്തിരിക്കാന്‍ തുടങ്ങി. വാച്ചില്‍ നോക്കി നോക്കി അവനു ബോറടിച്ചു. ഓരോ നിമിഷത്തിന്‍റെയും വില അന്നാദ്യമായ് അവനു ബോധ്യപ്പെട്ടു. 

ഹാവൂ. ഒടുവില്‍ അവള്‍ വരുന്നു. അവള്‍ അടുത്തെത്തിയതും അവന്‍ ചോദിച്ചു, "ഞാന്‍ തന്ന കത്ത് വായിച്ചുവോ?" അവള്‍ ഒരുപാട് പ്രേമലേഖനമെഴുതി തഴക്കം വന്ന ഒരു  സാഹിത്യകാരിയുടെ ഗമയില്‍ തന്നെ മറുപടി പറഞ്ഞു. "ആ. ഒരു വിധം വായിച്ചൊപ്പിച്ചു. ആദ്യത്തെ വരി മുതലേ അക്ഷരത്തെറ്റുകള്‍. അറബിയുടെ എക്സാം പേപ്പര്‍ പോലെത്തന്നെ! പലയിടത്തും സംഗതി വന്നില്ല. എന്നാലും കുഴപ്പമില്ല. മൊത്തത്തില്‍ നോക്കുമ്പോള്‍ ഫന്‍റാസ്റ്റിക് അലാസ്റ്റിക് ആന്‍റ് സോ വണ്ടര്‍ഫുള്‍"

ഏതായാലും അവന് ഒരു പറക്കും ചുംബനം നല്‍കിയാണ് അവള്‍ ക്ലാസ്സിലേക്ക് ഓടിപ്പോയത്. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍ നിന്ന്‍ ജലലവണങ്ങള്‍ ആഗിരണം ചെയ്ത് പ്രണയമരം വളര്‍ന്ന്‍ പൂത്തുലയാന്‍ തുടങ്ങി.


റസാഖ് അവന്‍റെ പ്രേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ചുരുക്കിപ്പറഞ്ഞാല്‍ റസാഖിനു ആകെ മൊത്തം ഒരു മാറ്റം. അവന്‍റെ കിനാവുകളില്‍ പണ്ടേപ്പോലെ മാര്‍ക്സും ലെനിനും വരാതായി. പകരം റസിയ മാത്രമായി. 'മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ'വെന്നാണല്ലോ അവന്‍റെ ഉസ്താദ് അരുള്‍ ചെയ്തിരിക്കുന്നത്.

ഒരിക്കല്‍ സ്കൂള്‍ വരമ്പിലെ പറങ്കിമരച്ചോട്ടിലിരിക്കെ, റസാഖ് റസിയയുടെ മുഖത്ത് നോക്കിപ്പറഞ്ഞു, "നിന്‍റെ കണ്ണുകളില്‍ തന്നെ നോക്കിയിരിക്കാന്‍ എന്തൊരഴകാണ്. ഈ ലോകത്ത് നമ്മള്‍ മാത്രമേ ഉള്ളൂ എന്നു തോന്നും":.

ഇത്തരം തോന്നലുകള്‍ പരീക്ഷാപേപ്പറുകളില്‍ പ്രതിഫലിച്ചുവരാന്‍ കാലതാമസമെടുത്തില്ല. മാര്‍ക്കുകള്‍ പകുതിയായും മൂന്നിലൊന്നായും ചുരുങ്ങാന്‍ തുടങ്ങി. അവന്‍ വീണ്ടും അധ്യാപകരുടെയിടയില്‍ ചര്‍ച്ചാവിഷയമായി മാറി.
റസാഖ്‌ ഇപ്പോള്‍ വെരി ഹാപ്പിയാണ്. ഏതു നേരവും അവനും റസിയയും ഒരുമിച്ചു തന്നെ. ഇന്‍റര്‍വെല്‍ സമയങ്ങളില്‍ സ്കൂള്‍ വരമ്പിലെ പറങ്കിമരച്ചോട്ടില്‍ ചെന്നിരുന്ന്‍ നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കുക പതിവായി. സ്റ്റഡിലീവിനു കംപെയിന്‍ഡ് സ്റ്റഡിക്കെന്ന വ്യാജേനെ കോണ്‍ഫറന്‍സ് ഹാളില്‍ ചെന്നിരുന്ന്‍ പ്രണയപ്രവര്‍ത്തനങ്ങളില്‍ മുഴുകി.

പാവം അധ്യാപകര്‍, പബ്ലിക് എക്സാമിനു വേണ്ടി കഠിനമായി പ്രയത്നിക്കുന്ന പഠിതാക്കളെ ശല്യം ചെയ്യാനൊന്നുവര്‍ പോയില്ല.

ഇങ്ങനെയിരിക്കെയാണ് നമ്മുടെ കഥയിലെ വില്ലന്‍ അവതരിക്കുന്നത്. വീട്ടിലെ ഫോണ്‍ബില്‍ ക്രമാതീതമായി കൂടിയതോടെ റസിയയുടെ ബാപ്പ സംശയരോഗിയായി മാറി. ഒരു ദിവസം രാത്രി, റസാഖിനോട് കിന്നരിച്ചിരിക്കുന്ന റസിയയെ 'ചെമ്പന്‍കുഞ്ഞ്' കയ്യോടെ പിടികൂടി.

പിറ്റേ ദിവസം ദുഷ്ടനായ അയാള്‍ 'കറുത്തമ്മ'യെയും കൂട്ടി സ്കൂളില്‍ ചെന്ന്‍ ടീസിയും വാങ്ങി നേരെ 'പരീക്കുട്ടി'യുടെ നേരെ ചെന്ന്‍ 'സൃഷ്ടി സ്ഥിതി സംഹാര'മെല്ലാം തന്‍റെ കയ്യിലാണെന്ന ഭാവേനെ അലറി, "ഇനിയെങ്ങാനും ഇവള്‍ക്ക് ഫോണ്‍ ചെയ്താല്‍ കയ്യും കാലും തല്ലിയൊടിക്കും".

ഇതും പറഞ്ഞ് റസിയയെയും കൊണ്ട് അദ്ദേഹം സ്ഥലം വിട്ടു. നല്ലൊരു സ്റ്റണ്ട് സീന്‍ മിസ്സായ അധ്യാപകവിദ്യാര്‍ത്ഥികള്‍ക്ക് വാ പൊളിച്ച് നില്‍ക്കാനേ കഴിഞ്ഞുള്ളൂ.

പാവം റസാഖ്‌. അവള്‍ക്ക് നല്‍കാനായി കാത്തുവെച്ചിരുന്ന റോസാപ്പൂവിന്‍റെ അവസാന്‍ ഇതളും കൊഴിഞ്ഞു വീണു. അവന്‍ ഉറക്കെ വിളിച്ച് പറഞ്ഞു, "സര്‍വരാജ്യനിരാശാകാമുകന്മാരേ സംഘടിക്കുവീന്‍. ചെമ്പന്‍കുഞ്ഞുമാരുടെ ചങ്ങലകളെ പൊട്ടിച്ചെറിയുവീന്‍."


ഫ്രീ ഹിറ്റ്: ആത്മസുഹൃത്തിനെ ബ്രോക്കറാക്കരുത്, അവന്‍ പാര പണിയും.

30 comments:

 1. നന്നായി എഴുതിയിട്ടുണ്ട്....
  നര്‍മ്മവും കൊള്ളാം....
  ഫേസ്‌ ബുക്കില്‍ ബ്ലോഗ്‌ ലിങ്ക് ഷെയര്‍ ചെയ്യുക...
  കൂടുതല്‍ വായനക്കാരെ ലഭിക്കും.

  പിന്നെ ഡയലോഗുകള്‍ വരുമ്പോള്‍ അത് പാരഗ്രാഫില്‍ നിന്നും പുറത്തെടുത്ത് എഴുതുന്നതാവും വായിക്കാന്‍ കൂടുതല്‍ സുഖം നല്‍കുക...

  പിന്നെ നമ്പര്‍ ഇട്ട് വേര്‍ത്തിരിക്കല്‍ ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം....

  കമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുക.

  നര്‍മ്മം നാന്നയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയം ഇല്ല...
  കൂടുതല്‍ എഴുതുക...
  ആശംസകള്‍...:)

  ReplyDelete
 2. അഭിപ്രായത്തിനു നന്ദി.
  എങ്ങനെയാണ് ഫേസ്ബുക്കില്‍ ബ്ലോഗ്‌ ലിങ്ക് ചെയ്യുക? വേര്‍ഡ് വെരിഫിക്കേഷന്‍ ഞാന്‍ കൊടുത്തതല്ല ഒട്ടോമാടിക്ക് ആണ് , .

  ReplyDelete
 3. ബ്ലോഗിലെ ഈ നര്‍മ ബോദം റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് രസെയ്നി..

  ReplyDelete
 4. നര്‍മ്മം നന്നായിട്ടുണ്ട് ,വിഷയം വലിയ പുതുമ ഇല്ലെങ്കിലും ,വേര്‍ഡ്‌ വേരിഫികേശന്‍ ഒഴിവാക്കാന്‍ സെറ്റിങ്ങ്സില്‍ പോയി വേര്‍ഡ്‌ വേരിഫികേശന്‍ ഡി ആക്ടിവേറ്റ്‌ ചെയ്‌താല്‍ മതി ...

  ReplyDelete
 5. I really excited by your story and the language and your humor sense.Any way My hearty congratulation to you....

  ReplyDelete
 6. superb da....... santhosham,,, nintey jeevithathintey pusthaka taalukalil... chitalarikkatey ippozhum oru konil njanundu ennarinjathinu,,, ithanu enikku kittiyathil yettavum valiya guru dakshina... sasneham...jamsheer

  ReplyDelete
 7. റാഷിദ്‌ നിങ്ങളുടെ ഇളനീര്‍ വേട്ട വായിച്ചു .ഓര്‍ത്തു നോക്കുമ്പോള്‍ മധുരമൂറുന്നതും ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തതുമായ ഓര്‍മ്മകള്‍ ഇങ്ങനെ ഇനിയുമില്ലേ ...?എഴുതി നോക്കൂ മധുരം നാവില്‍ നിന്ന് പേന തുമ്പിലൂടെ അരിച്ചു ഇറങ്ങുന്നത് കാണാം .

  ReplyDelete
 8. ആ രണ്ടു സംഭവങ്ങളെ യോജിപ്പിക്കുന്ന സര്‍വ്വ രാജ്യ കൊലയാളികള്‍ എന്ന സംഗതി നന്നായി...
  പിന്നെ പാവം കഥാ നായകന്‍റെ നഷ്ടപ്രണയത്തിന് നിത്യശാന്തി നേരുന്നു...
  മൂപ്പര് ഇപ്പോഴും കാനനഛായയില്‍ ആട് മേയ്ക്കുന്നോ...
  അതോ മാനസമൈനെ വരൂ പാടി കടാപ്പുറത്ത് അലഞ്ഞു തിരിയുന്നോ....

  ReplyDelete
 9. മുടുക്കാ.. ഇത് കലക്കി.. കിടിലന്‍ സംഭവം.. :)

  ReplyDelete
 10. ആസ്വാദ്യകരമായ വായന....

  ReplyDelete
 11. എഴുത്ത് ഗമണ്ടനായിരിക്കുന്നു.. നര്‍മ്മം ക്ഷ പിടിച്ചു.. ..
  റസാഖിന്റേയും റസിയയുടേയും കഥ പിന്നെയെന്തായി...

  അല്ല അറിയാനൊരു ആഹാംക്ഷ....

  ReplyDelete
 12. റസാഖ് അവന്‍റെ പ്രേമപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. ചുരുക്കിപ്പറഞ്ഞാല്‍ റസാഖിനു ആകെ മൊത്തം ഒരു മാറ്റം. അവന്‍റെ കിനാവുകളില്‍ പണ്ടേപ്പോലെ മാര്‍ക്സും ലെനിനും വരാതായി. പകരം റസിയ മാത്രമായി. 'മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ'വെന്നാണല്ലോ അവന്‍റെ ഉസ്താദ് അരുള്‍ ചെയ്തിരിക്കുന്നത്.

  അതങ്ങനേയാടാ പ്രേമം തലക്ക് പിടിച്ചാൽ പിന്നെ മറ്റൊന്നും തലയിൽ വരില്ല. നിന്റെ സ്വാഭാവികമായ കുറെ നർമ്മങ്ങൾ കിട്ടി. നന്നായിരിക്കുന്നു. ആശംസകൾ.


  സ്റ്റഡിലീവിനു കംപെയിന്‍ഡ് സ്റ്റഡിക്കെന്ന വ്യാജേനെ കോണ്‍ഫറന്‍സ് ഹാളില്‍ ചെന്നിരുന്ന്‍ പ്രണയപ്രവര്‍ത്തനങ്ങളില്‍ മുഴുകി.

  പാവം അധ്യാപകര്‍, പബ്ലിക് എക്സാമിനു വേണ്ടി കഠിനമായി പ്രയത്നിക്കുന്ന പഠിതാക്കളെ ശല്യം ചെയ്യാനൊന്നുവര്‍ പോയില്ല.
  നന്നായിട്ടുണ്ടെടാ, ഇതാണല്ലേ നിനക്കിത്ര പ്രണയ അലർജി.!?

  ReplyDelete
 13. നന്നായി എഴുതിയല്ലോ റഷീദ്‌.
  റസിയയും ടി.സിയും "ക്ലാസ്‌മേറ്റെസ്" ഓര്‍മ്മിപ്പിച്ചെങ്കിലും റസാക്ക്‌ ആരാണെന്ന് എന്ന കാര്യത്തില്‍ തെല്ലും സംശയ ഉണ്ടായില്ല. :)

  ReplyDelete
 14. ഒരു നാടന്‍ പ്രേമം രസായി പറഞ്ഞു ആശംസകള്‍

  ReplyDelete
 15. നല്ല അവതരണം...ആശംസകള്‍

  ReplyDelete
 16. ഇതില്‍ പറയുന്ന സ്കൂള്‍ പി പി ടി എം വൈ എച്ച് എസ ചേരൂര്‍ ആണോ ?

  ReplyDelete
 17. അഖി ബാലകൃഷ്ണന്‍May 15, 2012 at 9:58 PM

  "സര്‍വരാജ്യനിരാശാകാമുകന്മാരേ സംഘടിക്കുവീന്‍" ..ഇത് കണ്ടപ്പോ ഇത് എന്നെപ്പറ്റിയാണ്..എന്നെ മാത്രം പറ്റിയാണ്..എന്നോകെ തോന്നി പേടിച്ചു വിറച്ചു ഓടി വന്നതാണ്..എന്തായാലും നിരാശനായില്ല... സ്വന്തം കഥ തന്നെ അല്ലെ ? ആണെന്നാ തോന്നണത് വായിച്ചപ്പോ..എന്തായാലും ആശംസകള്‍..ഇനീം വരാം..

  ReplyDelete
 18. ഹമ്പടാ, ഇത്‌ പഴയ പോസ്റ്റാണല്ലേ, ഞാന്‍ പുതുതാണെന്ന് കരുതി വന്നതാ,,,, റസിയ പിരിഞ്ഞിരിക്കുന്ന റസാഖിനെ നമുക്ക്‌ മജീദിനോട്‌ ഉപമിക്കാം... ചെമ്പന്‍ കുഞ്ഞിനെതിരെയുള്ള നീക്കങ്ങള്‍ക്ക്‌ ശക്തിപകരാന്‍ സര്‍വ്വ രാജ്യ കാമുകന്‍മര്‍ ഒന്നിക്കട്ടെ.

  ReplyDelete
 19. ഹി ഹി കൊള്ളാല്ലോ പഹയാ ഇജ്ജ്‌ റസാക്ക്‌ പരീകുട്ടി ആയത് നന്നായി എന്നെ പോലെ വേറെ ഒരുത്തന്‍ . പ്രേമം കുളമായാലെന്താ അവന്‍ പറഞ്ഞ ആ വരി എനിച്ചു ഇഷ്ട്ടായി " "നിന്‍റെ കണ്ണുകളില്‍ തന്നെ നോക്കിയിരിക്കാന്‍ എന്തൊരഴകാണ്. ഈ ലോകത്ത് നമ്മള്‍ മാത്രമേ ഉള്ളൂ എന്നു തോന്നും"" അവളെ ബാപ്പ വന്നപ്പോ ഓലക്കന്റെ മൂട് ആയി ആ നോട്ടം ..
  കൊള്ളാടാ അവതരണം ഇഷ്ട്ടായി തനി നാടന്‍ സ്റ്റൈല്‍ എനിക്ക് ഇത് നല്ലോണം കത്തും ആശംസകള്‍

  ReplyDelete
 20. ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്യാനറിയില്ല എന്നു പറഞ്ഞത് കാര്യമായാണൊ? അതിനുള്ള സൂത്രം ഇവിടെ തന്നെയില്ലെ?.പിന്നെ നാടന്‍ പ്രേമം അസ്സലായി..

  ReplyDelete
 21. "സ്വാലിഹായ കമ്മ്യൂണിസ്റ്റ് "ആ പ്രയോഗം കലക്കി"
  പോസ്റ്റ്‌ നന്നായി റഷീദ്

  ReplyDelete
 22. അങ്ങനെ ഓര്‍മ്മകള്‍ സ്കൂളിലേക്ക് പോയി
  നമ്മള്‍ ഗേള്‍സ്‌ ഒണ്‍ലി ആയതു കൊണ്ട്
  ഇമ്മാതിരി പരിപാടികള്‍ കണ്ടു തുടങ്ങിയത് കോളേജില്‍ വച്ചായിരുന്നു
  പിന്നെ ഇടയ്ക്കിടെ ടുഷ്യന്‍ ക്ലാസ്സുകളിലെ തിരിഞ്ഞു നോട്ടങ്ങളും
  രഹസ്യം പറച്ചിലുകളും
  കളിയാക്കി ചിരികളും
  എന്തായാലും കലക്കി

  ReplyDelete
 23. അപ്പൊ ഇതായിരുന്നു ആ ചെമ്പന്‍ കുഞ്ഞ് അല്ലേ..റസാക്ക് - റസിയ പ്രേമം ഒരു ഇതിഹാസ കഥയെന്നോളം ഭംഗിയായി രചിച്ചു എന്നതൊഴിച്ചാല്‍ പ്രത്യേകിച്ചു ഒരു പുതുമയും ഇല്ലാത്ത കഥ. കഥാപശ്ചാത്തലം മനസിലാക്കി വായിക്കുക എന്നത് വായനക്കാരന്റെ ഉത്തരവാദിത്തമാണ് എന്ന നിലയിലായിരുന്നു കഥയുടെ പകുതി വരെ എഴുത്തുകാരന്റെ നിലപാട് എന്ന് തോന്നിപ്പോയി എനിക്ക്. കോളേജും , ഹോസ്റ്റലും അതിനിടയില്‍ പഴയ റസാക്ക് ചരിത്രവും വിശദീകരിക്കുന്നതിനിടയില്‍ ഒരു ആശയക്കുഴപ്പം വന്നപ്പോള്‍ വീണ്ടും ഒന്നും കൂടി ആ ഭാഗം വായിക്കേണ്ടി വന്നത് ആ കാരണം കൊണ്ടാണ്. പിന്നീട് , കഥയില്‍ ഒരു ആരാധനാപാത്രമായി എന്ന് പറയുന്ന റസാക്കിന് വേണ്ട സമയത്ത് വേണ്ട പ്രാധാന്യത്തോടെ വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്തില്ല എന്നും തോന്നി പോയി. പക്ഷെ, പ്രേമാപരവശനായ് റസാക്ക് വായനക്കാരനെ അല്‍പ്പ നേരം രസിപ്പിച്ചു. അവസാന ഭാഗങ്ങളില്‍ മാത്രമാണ് എനിക്ക് മനസ്സ് തുറന്നു ആസ്വദിക്കാന്‍ പറ്റിയത്. ഫോണ്‍ ബില്‍ വരുന്നതും, ചെമ്പന്‍ കുഞ്ഞ് രണ്ടു പേരെയും പൊക്കുന്നതും രസകരമായി..

  റഷീദ്..ഇനിയും എഴുതുക ...എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 24. അവതരണം കൊള്ളാല്ലോ റസാക്കെ ,ഛെ റാഷിദേ....!
  ഞാന്‍ കരുതി പുതിയ പോസ്റ്റ്‌ ആണെന്ന് , എന്തായാലും ഒമ്പതാം ക്ലാസ്സില്‍ വച്ചേ ഓട്ടോഗ്രാഫ്
  എഴുതി ല്ലേ ...:)

  ReplyDelete
 25. hey ; I have seen this love letter before.so this episode is taken from your own life itself, right? anyway all the best( nashtapetta innalekal orikkalum thirichvarilla)

  ReplyDelete
 26. ഞ്ഞ് പുലിയാണ് ട്ടാ.. ഇപ്പഴാ ഇതൊക്കെ കാണുന്നത്

  ReplyDelete
 27. കലക്കി മോനെ കലക്കി ആശംസകള്‍

  ReplyDelete
 28. നന്നായിട്ടെഴുതി മുത്തെ..,

  ആശംസകള്‍......

  ReplyDelete

അഭിപ്രായം ഒന്നും ഇല്ലെങ്കില്‍ നാല് തെറിയെങ്കിലും വിളിച്ചിട്ട് പോ ചെങ്ങായ്‌മാരെ....