Saturday, February 4, 2012

ചാപ്പാ കുരിശ്‌


ചാപ്പയും  കുരിശും  ഭയങ്കര  ദോസ്തുകള്‍ ആണ് . അത്യാവശ്യത്തിനു  ഗ്ലാമറും  വിവരവുമെല്ലാം  ഉണ്ടായിട്ടും, അതിന്‍റെ  അഹങ്കാരവും  ജാടയും ഒട്ടുമില്ലാത്തവര്‍ .
കഴിഞ്ഞ  ജന്മത്തില്‍  പ്രതിപക്ഷനേതാവും  പാര്‍ട്ടി  സെക്രടറിയും ആയിരുന്നു  അവര്‍  എന്നാണു  ദോഷൈകദൃക്കുകള്‍  പ്രചരിപ്പിക്കുന്നത് .
അവ്വിധം   പാരവെപ്പും  കാലുവാരലുമായി  കഴിഞ്ഞ  ചാപ്പകുരിശുകള്‍ക്കിടയില്‍   'കര്‍ത്താവും  കാള്‍  മാര്‍ക്സും  പോലെ ' മൌലികമായ  പല  സമാനതകളും  ഉണ്ടായിരുന്നു  എന്നതാണ്  യഥാര്‍ത്ഥ്യം .
ഉദാഹരണം  പറയുവാണെങ്കില്‍  കയറുന്നവരില്‍ അര  ശതമാനം  പോലും  പുറത്തിറങ്ങാത്ത  സി.എ  എന്ന  മരണവണ്ടിയില്‍  പോലും കയറിയത്  അവര്‍  ഒരുമിച്ചായിരുന്നു .
എന്തിനധികം  പറയുന്നു .. അവര്‍  പ്രേമിച്ചത്  ഒരേ  ഒരു  പെണ്‍കുട്ടിയെതന്നെ. ഉനക്ക്  ഇന്ത  ഉലകത്തില്‍  വേറ  പൊണ്ണെ കടൈയാതാ എന്ന്  അവര്‍  പരസ്പരം  ചോദിക്കാറുണ്ടത്രേ. ഏതായാലും  2 ലൌവര്‍മാരുടെയും  കോമണ്‍  'ലൌവി' ആരെ  സെലക്ട്‌  ചെയ്തു   എന്ന്  തീരുമാനിക്കാനുള്ള  ഒരു  ചാന്‍സ്  മാന്യ  വായനക്കാരികള്‍ക്ക്  വിട്ടു  തന്നിരിക്കുന്നു . നിങ്ങള്‍ക്കും  ആവാം  ഒരു  കോടീശ്വരി . ന്ത്യേ? (വായനക്കാരന്മാര്‍  ദയവായി ക്ഷമിക്കുക ; നിങ്ങള്‍  തീരുമാനിച്ചത് കൊണ്ട്  ചാപ്പക്കും  കുരിശിനും  ഒരു  ബെനെഫിറ്റും  ഇല്ല, കാരണം നിങ്ങള്‍ക്കു പെണ്‍കുട്ടികളുടെ സൈക്കോളജി അറിയില്ല.)
ചാപ്പ  കുരിശിന്‍റെ  ജീവിതത്തില്‍  നിന്ന്  ചുരണ്ടിയെടുത്ത  ഏതാനും  ചില  പൊട്ടും  പൊടിയുമാണ്  ഇവിടെ  അവതരിപ്പിക്കുന്നത് 

-A-
നിസ്വാര്‍ത്ഥമതിയും നിര്‍മലഹൃദയനുമായ  കുരിശ്‌  സാഹിത്യം , കല , രാഷ്ട്രീയം , മൌലികവാദം  തുടങ്ങിയ  ജനറലായിട്ടുള്ള  കാര്യങ്ങളെക്കുറിച്ച് അത്യാവശ്യമായ ക്നോളെഡ്ജ് ഉള്ള  സകലകലകലാവല്ലഭനുമാണ് .. ആകെ  ഒരു  പോരായ്മയേ  വിമര്‍ശകര്‍ക്ക്  ചൂണ്ടിക്കാട്ടാനുണ്ടായിരുന്നുള്ളൂ .. കുരിശിനു  പാട്ടുപാടാനറിയില്ല , നാലാളുകളുടെ  മുന്നില്‍  വെച്ച  നാല്  വാക്ക്  അച്ചരസ്പുടതയോടെ  പറയാനറിയില്ല . ഫേസ്ബുക്കിന്‍റെയും  ബ്ലോഗിന്‍റെയും ഇക്കാലത്ത് അതൊരു  പോരായ്മ  ആണോ  എന്ന്  നിഷ്പക്ഷമതികള്‍ക്ക് തോന്നാമെങ്കിലും  ആണെന്നാണ്‌  കുരിശിന്‍റെ  അഭിപ്രായം. കുരിശ്‌ വെറുതെ  എന്തെങ്കിലുമൊക്കെ  പറയുമോ ??

കലാ  സ്കൂളില്‍  +1 നു  പഠിക്കുന്ന  കാലം . 'ഡെബിറ്റ്  വാട്ട്  കംസ്  ഇന്‍  ക്രെഡിറ്റ് വാട്ട്  ഗോസ്  ഔട്ട്' എന്നൊക്കെ  സാമാന്യം വിദ്യാര്‍ഥികള്‍ കെട്ടി മറിഞ്ഞ് പഠിക്കുന്ന  സമയം . അത്  വന്ത് ... ഒരു  ദിവസം  ഒരു  അദ്ധ്യാപകന്‍  ക്ലാസ്സില്‍  വന്നു  അത്യാവശ്യം  ഗ്ലാമറുള്ള ‍ഏതാനും  പേരെ  വിളിച്ച  കൊണ്ടുപോയി . അവരില്‍  ചാപ്പാകുരിശുമാര്‍  ഉണ്ടായിരുന്നുവെന്ന്‍ ഊഹിക്കാമല്ലോ . തെറ്റിദ്ധരിക്കണ്ട  , 'ലൌ  ജിഹാദി'ന്‍റെ അന്വേഷണമൊന്നുമല്ല‍.  സംഗതി  വട്ടപ്പാട്ട് സെലക്ഷന്‍ മഹാമഹം. സെലക്ഷന്‍  എന്ന്  പറഞ്ഞാല്‍  വെറും  ഗ്ലാമര്‍  മാത്രം  പോരാ, "മുല്ല  മലര്‍വാസം  കനിവേശിയ  മുല്ലപ്പൂ  മലരേ " എന്ന  പാട്ട്  സംഗതി  പോവാതെ  ശ്രുതി തെറ്റാതെ  കൈ  കൊട്ടിപ്പാടണം. പലരും  പാടിക്കഴിഞ്ഞു , സംഗതിയും  ശ്രുതിയും  കിട്ടാതെ  എലിമിനേറ്റ് ആയി . അവസാനം  കുരിശിന്‍റെ  ഊഴമെത്തി .  കുരിശിനുണ്ടോ  പാടാനരിയുന്നു ? എന്നാല്‍  ഒന്ന്  ശ്രമിച്ചു  നോക്കുകയെങ്കിലും  വേണ്ടേ .. ആര് ? കുരിശോ ? ബല്യെര്ന്നാളും  ജുമുഅയും  ഒരുമിച്ചു  വന്നിട്ട്  പള്ളിയില്‍  പോകാത്തവന്‍  തറാവീക്കു പള്ളിയില്‍  പോകുമോ! അവന്‍  പാടിയില്ലെന്നു  മാത്രമല്ല  ആ ഭാഗത്തേക്ക്  ശ്രദ്ധിച്ചതേയില്ല .   ഇവ്വളോം  പെരിയ  സംഗീതജ്ഞര്‍ക്ക്‌  മുന്നില്‍ 'എനിക്ക്  പാടാനറിയില്ല' എന്ന  സത്യം  തുറന്നുപറയുന്നതെങ്ങനെ . അവസാനം കലാസെക്രട്ടറി  നിര്‍ബന്ധിച്ചപ്പോള്‍  ചുറ്റുമുള്ളവരെ  തന്‍റെ കര്‍ണ കഠോരമായ  ശബ്ദത്തില്‍  നിന്ന്  രക്ഷിക്കാന്‍  കരഞ്ഞു  പോയി  ആ മഹാമനസ്കന്‍ .  ആരും  കുരിശിനെ  കളിയാകാരുത് . അവന്‍  പാവമാണ്.

അന്ന്  എലിമിനേഷനില്‍  കടന്നുകൂടിയ  ചാപ്പ  2008-2009 വര്‍ഷത്തില്‍ കളിക്കാരനായും , 2009-2010 വര്‍ഷത്തില്‍  മണവാളനായും  സംസ്ഥാനത്ത്  ഒന്നാം  സ്ഥാനത്തെത്തിയ ടീമില്‍ ഉണ്ടായിരുന്നുവെന്നത്  മറ്റൊരു  ചരിത്രം .

-B-

+1ല്‍  ചാപ്പ  ആയിരുന്നു  ക്ലാസ്സ്‌  ലീഡര്‍ .  +2വിലും  അങ്ങനെ  ആയാല്‍ മതിയോ?? പോര . ചാപ്പ  ശരിയില്ല . അവനു  ഭരണപാടവം ഇല്ല. ക്ലാസ്സില്‍  അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നു . അങ്ങനെയിരിക്കെ  കുരിശിനു  ഒരു  ഉള്‍വിളി . ചാപ്പയെക്കാള്‍ എന്തുകൊണ്ടും  ആ  സ്ഥാനത്തിനു  യോഗ്യന്‍  ഞാനാണെന്ന് . ഉടനെ വന്നു  ചാപ്പയുടെ  ഞെട്ടിക്കുന്ന  തീരുമാനം . ഇലക്ഷനില്‍ നിന്ന് പിന്മാറി  എന്ന്  മാത്രമല്ല  പരസ്യമായി  കുരിശിനു പിന്തുണ  പ്രഖ്യാപിക്കുകയും  ചെയ്തു.  വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന്  പറഞ്ഞു കുരിശിനെ പരമാവധി മൂച്ചിമ്മേല്‍  കയറ്റി നമ്മുടെ ചാപ്പ.  കുരിശാവട്ടെ  ഉടനെത്തന്നെ നോമിനേഷന്‍ കൊടുത്തെന്നു മാത്രമല്ല,  സത്യപ്രതിജ്ഞാ ചടങ്ങ്  കനവില്‍  കണ്ടുതുടങ്ങി. അപ്പോഴാണ്‌  ഇടിത്തീ  പോലെ  പുതിയൊരു  സ്കൂപ്പ്. കുരിശിനെതിരെ  മത്സരിക്കുന്നത്  മറ്റാരുമല്ല,   കുറഞ്ഞകാലം  കൊണ്ട്  തന്നെ  അധ്യാപകരുടെയും  വിദ്യാര്‍ത്ഥികളുടെയും   ചിന്താവിഷയമായി  മാറിയ  ക്ലാസ്സിന്‍റെ അഭിമാനപുത്രന്‍.. കുരിശ്‌  ഒന്ന്  പതറിയെങ്കിലും, ചാപ്പ  സമാശ്വസിപ്പിച്ചു . 'എടാ  ഡാഷേ , ഞമ്മള്  ജയിച്ചാന്‍  എന്തായാലും ജയ്ച്ചും . ബൂരിപഷ്ഷം  കൊറിം  എന്നേയുള്ളു'. പോരാത്തതിന്  ഇവ്വളോം ഗ്ലാമറുള്ള  കുരിശിനു  തന്നെ  ഗേള്‍സിന്‍റെ മുഴുവന്‍  വോട്ടും  എന്നും  ചാപ്പ  പറഞ്ഞു. അതോടെ  കുരിശിനു  സമാശ്വാസമായി.
പിന്നെ  രഹസ്യപ്രചരണവും  കലാശക്കൊട്ടും  കഴിഞ്ഞ്  പരസ്യയാചനയുടെ ഊഴമാണ് . കുരിശിന്‍റേതാണു ആദ്യഊഴം . കുരിശ്‌ സ്റ്റേജില്‍  കയറി.  ഇത്  വരെ ഒരു റിയാലിറ്റിഷോക്കു പോലും വോട്ട് യാചിക്കാത്ത  കുരിശാണോ  വെറും  ഒരു  ലീഡര്‍  സ്ഥാനത്തേക്ക്  വോട്ട്  യാചിക്കുന്നത് ? ഷെയിം ഷെയിം പപ്പീ ഷെയിം. മുട്ടുവിറച്ച്, ഷിവെറിംഗ്  സ്റ്റാന്‍റ്  ഒന്നും  ഇല്ലാത്തത്കൊണ്ട് ഷര്‍ട്ട്  പിടിച്ച്  വലിച്ച്  അഡ്ജസ്റ്റ്  ചെയ്തു . എന്താണ്  പറഞ്ഞതെന്ന്  കുരിശിനു   ഓര്‍മയില്ലെങ്കിലും വായനക്കാര്‍  അറിയുന്നതിനായി  പറയാം .. "പൂരങ്ങളുടെ... പൂരങ്ങളുടെ ......" എന്ന  പ്രസംഗം  പോലെ  ഒന്ന്‍ എന്ന്  കരുതി  തിരുപ്പതിപ്പെടുക . എതൃകക്ഷി  സ്റ്റേജില്‍  വന്നു  "വികസനമാണു നിങ്ങളുടെ  ലക്ഷ്യമെങ്കില്‍..." എന്നുതുടങ്ങി  ഒരു  ഘടാഗടിയന്‍  പ്രസംഗം  തന്നെ  വെച്ച്  കാച്ചി . വോട്ടെടുപ്പ്  തുടങ്ങി ,.,., തീര്‍ന്നു ..

കുരിശിനു  അപ്പോഴും  ഹിമാലയന്‍  പ്രതീക്ഷകള്‍  തന്നെ . കാരണം  ആവശ്യത്തിനു  ഗ്ലാമര്‍  ഉണ്ടല്ലോ..   ഉദ്വേഗഭരിതമായ  നിമിഷങ്ങള്‍ .. വോട്ട്  എണ്ണാന്‍  തുടങ്ങി . ആദ്യത്തെ  15 വോട്ടും  എതൃകക്ഷിക്ക് . 'അത്  പോട്ടെ , ഗേള്‍സിന്‍റെ  വോട്ട് എണ്ണാനുണ്ടല്ലോ, കാണിച്ചുകൊടുക്കാം' എന്നായി  കുരിശ്‌ . എന്നാല്‍  ഗേള്‍സിന്‍റെ വോട്ടുകളും  എണ്ണി . വിധി  വന്നു . ജനകീയ  മുന്നണിയുടെ  വിധി  തന്നെ  കുരിശിന്‍റെയും  വിധി.  എവിടൊക്കെയോ  എന്തൊക്കെയോ  ചീഞ്ഞു  നാറുന്നു എന്ന് മനസ്സിലാക്കുക എന്നല്ലാതെ എത്ര  വോട്ടിനു  പൊട്ടി  എന്ന്  വായനക്കാര്‍  ചോദിക്കരുത് . പ്ലീസ് . പാവം  കുരിശ്  ജീവിച്ച്  പോകട്ടെ .

5 comments:

 1. എന്നിട്ടിതു വരെ ഇവിടെ ആരും എത്തി നോക്കിയില്ലെ? ഞാന്‍ വന്നതും ഒരു കുരിശായോ? ഏതായാലും ഞാന്‍ വന്ന സ്ഥിതിക്കു ഈ വഴിക്കും ഒന്നു വരണേ.

  ReplyDelete
  Replies
  1. എത്തി നോക്കിയിയിട്ടില്ലെന്നു പറയുന്നത് ശരിയല്ല. കമന്‍റുന്നില്ല എന്നതാണ് ശരി. എന്തായാലും അഭിപ്രായത്തിനു നന്ദി.

   Delete
 2. വായിച്ചു... കമന്റി.. :)

  ReplyDelete
 3. വായിച്ചു.. മനസ്സിലാക്കി :) മനസ്സിലായല്ലോ മദിരാസി....

  ReplyDelete
 4. ഹ ഹ..
  അപ്പൊ സംഗതി ജോറായി..

  എഴുത്ത് ശൈലി ക്ഷ പിടിച്ചു..

  ReplyDelete

അഭിപ്രായം ഒന്നും ഇല്ലെങ്കില്‍ നാല് തെറിയെങ്കിലും വിളിച്ചിട്ട് പോ ചെങ്ങായ്‌മാരെ....